ആലത്തൂർ: താലൂക്കിലെ വിവിധ പഞ്ചായത്ത് പരിധിയിൽ കൊയ്ത്തു കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ കർഷകരെ വഞ്ചിച്ചു നടക്കുന്ന സർക്കാരിന്റെ തെറ്റായ നയം പുനഃപരിശോധിക്കണമെന്ന് ആലത്തൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം സിപിഎം നേതൃത്വത്തിലുള്ള കർഷകസംഘം കൃഷി ഓഫീസിനു മുൻപിൽ നടത്തിയ സമരം കർഷകരുടെ കണ്ണിൽ പൊടിയിടാനാണെന്നും ആലത്തൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
സർക്കാരിനെ കുറ്റം പറയാതെ കൃഷി ഓഫീസിനു മുന്പിൽ നടത്തിയ സമരം അപഹാസ്യമാണെന്നും എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണസമിതി എല്ലാം കയ്യിൽ ഉണ്ടായിട്ടും ഉദ്യോഗസ്ഥരെ മാത്രം വിമർശിച്ചുകൊണ്ട് സമരം ചെയ്യുന്നത് കർഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ആലത്തൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് സി. ജയപ്രകാശ്, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി തൃപ്പാളൂർ ശശി, വി. കനകാംബരൻ, ഹാരിസ്, കെ. സുരേന്ദ്രൻ, എസ്. സഞ്ജീവൻ, മണി പൊട്ടിമട, ഗുരുവായൂരപ്പൻ വാനൂർ പങ്കെടുത്തു.